Wednesday 23 May 2018

                    ജീവിതപ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ഈ മഹത് വചനം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിക്കാം. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നമ്മുടെ ഇഛാശക്തിയെ ഉണർത്താനും പുതിയ ചുവടുവയ്പുകൾ നടത്താനും നമ്മെ സഹായിക്കുന്നത് ജീവിതതകർച്ചകളാണ്.കഴിഞ്ഞകാലങ്ങളെക്കുറിച്ചുള്ള ബോധപൂർവ്വമായ ധ്യാനം ഈ സത്യം തിരിച്ചറിയാൻ നമ്മെ സഹായിക്കും. ഉന്നതമായ ചിന്തകളോടെ ജീവിതത്തെ നോക്കിക്കാണാൻ, ഉയർന്ന കാഴ്ചപ്പാടുകളാൽ ജീവിതം സമ്പന്നമാക്കാൻ നമുക്ക് പരിശ്രമിക്കാം. അതിജീവനത്തിന്റെ പാoങ്ങൾ നമുക്ക്  അനന്തവിഹായസ്സിലേക്കു പറന്നുയരാൻ  ചിറകുകൾ നൽകട്ടെ.

Thursday 17 May 2018

"ജീവിതമാകുന്ന രാത്രി ഒരിക്കൽ മാത്രമേ നമ്മളെ സമാവരണം ചെയ്യുകയുള്ളൂ.ആ രാത്രിയിൽ ഒരൊറ്റ കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ഈശോയെ നമ്മുടെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക; അവിടുന്നു സ്നേഹിക്കപ്പെടുന്നതിനായി അവിടുത്തേക്കായി ആത്മാക്കളെ നേടുക. ഈശോയെ സ്നേഹിക്കുവാനായി മനുഷ്യരെ ആകർഷിക്കുന്നത് എത്ര മനോഹരമായ ജോലി."
                                                                                        വി. കൊച്ചുത്രേസ്യാ
                                                   


                                                      ക്രൈസ്തവജീവിതത്തിലേക്കും സന്യാസത്തിലേക്കും ഒക്കെയുള്ള നമ്മുടെ വിളി എത്രയോ ശ്രേഷ്ഠമാണ്!!!!!!! വിളിയുടെ വലിപ്പം മനസിലാക്കാതെ, നാം ആരാണെന്നുള്ള സത്യം ഗ്രഹിക്കാൻ കഴിയാതെ, ഈ ലോകത്തിന്റെ മായകളിൽ മുഴുകി ഈ ലോകത്തിന്റെ നേട്ടങ്ങൾക്കായുള്ള പരക്കം പാച്ചിലിലാണ് ഇന്നു നമ്മിൽ പലരും. ഈ ലോകത്തിന്റെ ഡോക്ടറേറ്റുകൾ കരസ്ഥമാക്കാൻ മത്സരിക്കുന്ന നമ്മൾ ക്രൈസ്തവൻ എന്നനിലയിൽ, അല്ലെങ്കിൽ സന്യാസത്തിൽ ഏതു വിഭാഗത്തിലാണ് ഡോക്ടറേറ്റ് എടുക്കാൻ  തിടുക്കം കൂട്ടുന്നത് അല്ലെങ്കിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്?.ക്രൈസ്തവനായിട്ടു അല്ലെങ്കിൽ സന്യാസിയായിട്ടു എത്രയെത്ര വർഷങ്ങൾ നാം പിന്നിട്ടു കഴിഞ്ഞു? നമ്മുടെ വാക്കുകൾ കൊണ്ടുo, പ്രവർത്തികൾ കൊണ്ടുo,ജീവിത സാക്ഷ്യം കൊണ്ടുo നമുക്ക് എത്ര പേരെ കർത്താവിലേക്കു നയിക്കാൻ കഴിഞ്ഞു? ഇവിടെ നിന്നു തിരികെ പോകുമ്പോൾ കൊണ്ടുപോകാൻ മിച്ചമുള്ളത് അതുമാത്രമല്ലേ? ആത്മാക്കളുടെ രക്ഷക്കായി നാം എത്രമാത്രം വിലകൊടുക്കുന്നുണ്ട്? കർത്താവിനായി വിളിക്കപ്പെട്ട നാം അവന്റെ വേലയിൽ തീക്ഷണതയുള്ളവരാകുമ്പോൾ നമ്മുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും കർത്താവും തീക്ഷണതയുള്ളവനാകും. നമുക്ക് ലഭിക്കേണ്ട നീതി ലഭിച്ചില്ലെങ്കിൽ അവിടുന്നു നമുക്കുവേണ്ടി വാദിച്ചു നീതി നടത്തിതരും. നിനക്കർഹിച്ചതാണെങ്കിൽ അതു നിനക്കായ് അവിടുന്നു കൊണ്ടുവരും. കർത്താവിൽ നമുക്ക് വിശ്വസിക്കാം. അവിടുത്തെ വാഗ്ദാനത്തിൽ നമുക്ക് പ്രത്യാശവയ്ക്കാം. അവിടുത്തെ മുൻപിൽ വിധേയത്വമുള്ളവരാകാം. എളിമയുള്ളവരെ അവൻ ഉയർത്തും.വീഴ്ചകളിൽ നിന്നെഴുന്നേറ്റു കർത്താവിന്റെ കരുണയിലേക്ക് നമുക്ക് നടന്നടുക്കാം. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിക്കാനായി,അവിടുത്തേക്കായി ആത്മാക്കളെ നേടാനായി നമുക്ക് മത്സരിക്കാം.ഈ ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു, വിലകൊടുത്തു സ്വന്തമാക്കാം.                                   
                       "ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

സമർപ്പിതസന്തോഷം



എൻ മാനസമുയർത്തുന്നു നിന്നപദാനങ്ങൾ
എന്നുള്ളംആനന്ദിക്കുന്നെന്നാത്മനാഥനിൽ എന്നകതാരിലുയിർക്കൊള്ളുന്നുന്നതമാം ഒരാശയം
അടക്കാനാവാത്തോരഗ്നി ആനന്ദ തൈലം

എൻ ജനത്തിൻ പുത്രി നീ കാണുക, നിൻ വിളി
അതിശ്രേഷ്ഠം..... ചിന്താതീതം..... മധുരമോഹനം....
അനേക നിലവിളികൾ തന്നുത്തരം
പ്രാണേശ്വരൻ തൻ അഭിഷേകതൈലം

കന്യകാലയ മതിൽകെട്ടിൽനിന്നുയരുന്നു പരിമളം
പ്രാർത്ഥനയിൽ ചാലിച്ച ത്യാഗപുഷ്പങ്ങൾ
ആത്മനാഥൻ തൻ സൗഹൃദകൂടാര തണലിൽ
വിരിയുന്ന പുണ്യമാം ആനന്ദം.

കുരിശിൻ വിരിമാറിൽ ഹൃദയങ്ങൾ ചേരുന്നു
ഉയിർക്കൊള്ളുന്നു ജീവന്റെ തുടിപ്പുകൾ
സഹനത്തിൽ സ്നേഹത്തിൽ ചാലിച്ചൊരുക്കിയ
ചെറുമന്ദഹാസം സമർപ്പിത സൗഭാഗ്യം

തിരുസഭാoബ തൻ  മാറിൽ മിന്നിത്തിളങ്ങുന്ന
വജ്രാഭരണമി സുകൃതപുഷ്പങ്ങൾ
നിത്യഹരിതമാo നിൻ ലാവണ്യം തച്ചുടക്കുവാൻ
ആവില്ലൊരായുധത്തിനും...

കള്ളൻ മോഷ്ടിക്കില്ലാത്മാവിന്നഗ്നിയിൽ ഉരുവയോരീ സൗധം
സുവിശേഷസന്തോഷ സല്ലാപം
അഭിമാനമോടുയരട്ടെ നിൻ ശക്തിവിലാസങ്ങൾ
അവർണ്ണനീയം ഈ പുണ്യ  സാംഗോപാംഗം.

Wednesday 16 May 2018

സഹനപുഷ്പം


(Tune:എഴുന്നള്ളുന്നു രാജാവെഴു ന്നള്ളുന്നു)

ആത്മനാഥാ യേശുനാഥാ നീ വരേണമേ
ആത്മതാരിൽ സ്നേഹമായി നീ വരേണമേ
സഹനങ്ങൾ കൃപയാക്കാൻ കൂടെ വാഴണമേ

 നിനക്കായ് എരിയാനും സാക്ഷ്യമേകാനും
ഗോതമ്പുമണിപോൽ അഴിഞ്ഞു തീരാനും
തിരുഹൃദയസ്നേഹത്തിൽ ആഴ്ന്നിറങ്ങാനും
സഹനദാസാ യേശുനാഥാ കൃപ തൂകിടൂ

സഹനങ്ങൾ ഹൃദയത്തിൽ ഏറ്റെടുക്കാനും
സ്നേഹപൂഷ്പമായ് നിന്നിൽ അർപ്പിക്കാനും
ആത്മാക്കൾക്കായെല്ലാം ഉയർത്തീടാനും
കൃപയായി വരമായി നിറയേണമേ

ഹൃദയേശാ പ്രണനാഥാ നീ വരേണമേ 
സഹന ദാസിയായെന്നെ മറ്റേണമേ
ജ്വലിക്കുന്ന സ്നേഹം നിറച്ചിടേണമേ
 സഹനങ്ങൾ സ്നേഹമായി ഞാൻ മാറ്റിടട്ടെ

നിന്ദാപമാനങ്ങൾ പെയ്തിറങ്ങുമ്പോൾ
ആത്മനൊമ്പരത്താൽ തകർന്നു താഴുമ്പോൾ
നിൻ ഹൃദയചേവടിയിൽ ചേർന്നുനിന്നീടാം 
ഉപരിസ്‌നേഹം നൽകി നിന്റെ ദാസിയായീടാം.

Tuesday 15 May 2018

സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌ എനിക്കുള്ളത്‌? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 73 : 25
എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്‍െറ ബലം; അവിടുന്നാണ്‌ എന്നേക്കുമുള്ള എന്‍െറ ഓഹരി.
സങ്കീര്‍ത്തനങ്ങള്‍ 73 : 26
            ഏകശ്രയമായ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എനിക്കങ്ങാണ് ആശ്രയമെന്നു എപ്പോഴും നമുക്കവിടുത്തോട് പറയാം. മനസും ശരീരവും ദുർബലമാകുമ്പോളും ദൈവത്തിൽ ആനന്ദവും ബലവും കണ്ടെത്താൻ നമുക്കും പഠിക്കാം.  എന്തെന്നാൽ ശാശ്വതമായ ആനന്ദം ദൈവത്തിൽ മാത്രമാണ്. ശക്തനായവൻ നമ്മോടുകൂടെയുണ്ട്.