Thursday 17 May 2018

"ജീവിതമാകുന്ന രാത്രി ഒരിക്കൽ മാത്രമേ നമ്മളെ സമാവരണം ചെയ്യുകയുള്ളൂ.ആ രാത്രിയിൽ ഒരൊറ്റ കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ഈശോയെ നമ്മുടെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക; അവിടുന്നു സ്നേഹിക്കപ്പെടുന്നതിനായി അവിടുത്തേക്കായി ആത്മാക്കളെ നേടുക. ഈശോയെ സ്നേഹിക്കുവാനായി മനുഷ്യരെ ആകർഷിക്കുന്നത് എത്ര മനോഹരമായ ജോലി."
                                                                                        വി. കൊച്ചുത്രേസ്യാ
                                                   


                                                      ക്രൈസ്തവജീവിതത്തിലേക്കും സന്യാസത്തിലേക്കും ഒക്കെയുള്ള നമ്മുടെ വിളി എത്രയോ ശ്രേഷ്ഠമാണ്!!!!!!! വിളിയുടെ വലിപ്പം മനസിലാക്കാതെ, നാം ആരാണെന്നുള്ള സത്യം ഗ്രഹിക്കാൻ കഴിയാതെ, ഈ ലോകത്തിന്റെ മായകളിൽ മുഴുകി ഈ ലോകത്തിന്റെ നേട്ടങ്ങൾക്കായുള്ള പരക്കം പാച്ചിലിലാണ് ഇന്നു നമ്മിൽ പലരും. ഈ ലോകത്തിന്റെ ഡോക്ടറേറ്റുകൾ കരസ്ഥമാക്കാൻ മത്സരിക്കുന്ന നമ്മൾ ക്രൈസ്തവൻ എന്നനിലയിൽ, അല്ലെങ്കിൽ സന്യാസത്തിൽ ഏതു വിഭാഗത്തിലാണ് ഡോക്ടറേറ്റ് എടുക്കാൻ  തിടുക്കം കൂട്ടുന്നത് അല്ലെങ്കിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്?.ക്രൈസ്തവനായിട്ടു അല്ലെങ്കിൽ സന്യാസിയായിട്ടു എത്രയെത്ര വർഷങ്ങൾ നാം പിന്നിട്ടു കഴിഞ്ഞു? നമ്മുടെ വാക്കുകൾ കൊണ്ടുo, പ്രവർത്തികൾ കൊണ്ടുo,ജീവിത സാക്ഷ്യം കൊണ്ടുo നമുക്ക് എത്ര പേരെ കർത്താവിലേക്കു നയിക്കാൻ കഴിഞ്ഞു? ഇവിടെ നിന്നു തിരികെ പോകുമ്പോൾ കൊണ്ടുപോകാൻ മിച്ചമുള്ളത് അതുമാത്രമല്ലേ? ആത്മാക്കളുടെ രക്ഷക്കായി നാം എത്രമാത്രം വിലകൊടുക്കുന്നുണ്ട്? കർത്താവിനായി വിളിക്കപ്പെട്ട നാം അവന്റെ വേലയിൽ തീക്ഷണതയുള്ളവരാകുമ്പോൾ നമ്മുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും കർത്താവും തീക്ഷണതയുള്ളവനാകും. നമുക്ക് ലഭിക്കേണ്ട നീതി ലഭിച്ചില്ലെങ്കിൽ അവിടുന്നു നമുക്കുവേണ്ടി വാദിച്ചു നീതി നടത്തിതരും. നിനക്കർഹിച്ചതാണെങ്കിൽ അതു നിനക്കായ് അവിടുന്നു കൊണ്ടുവരും. കർത്താവിൽ നമുക്ക് വിശ്വസിക്കാം. അവിടുത്തെ വാഗ്ദാനത്തിൽ നമുക്ക് പ്രത്യാശവയ്ക്കാം. അവിടുത്തെ മുൻപിൽ വിധേയത്വമുള്ളവരാകാം. എളിമയുള്ളവരെ അവൻ ഉയർത്തും.വീഴ്ചകളിൽ നിന്നെഴുന്നേറ്റു കർത്താവിന്റെ കരുണയിലേക്ക് നമുക്ക് നടന്നടുക്കാം. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിക്കാനായി,അവിടുത്തേക്കായി ആത്മാക്കളെ നേടാനായി നമുക്ക് മത്സരിക്കാം.ഈ ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു, വിലകൊടുത്തു സ്വന്തമാക്കാം.                                   
                       "ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

No comments:

Post a Comment