Monday, 7 May 2018

“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ

ജാഗ്രതയുള്ള, തീക്ഷണതയുള്ള അജപലകരെയാണ് ഇന്നത്തെ സഭക്ക് ആവശ്യം. സഭാതനായരുടെ കവൽക്കാരാകേണ്ടതിന്റെ പ്രാധാന്യം ഓരോ അജപാലകരും മനസിലാക്കുകയും വേണം. തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കാനുള്ള അഭിഷേകം എല്ലാ അജപലകർക്കും ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.  ജാഗ്രത നഷ്ടപ്പെട്ട് ദുഷ്ടന്റെ കെണിയിൽ പതിച്ചിരിക്കുന്ന എല്ലാ അജപലകരും ദൗത്യം തിരിച്ചറിഞ്ഞു ജാഗ്രതയുള്ളവരാകാൻ മർപ്പാപ്പയോട് ചേർന്നു നമുക്കും പ്രാർത്ഥനയുടെ കാരങ്ങളുയർത്താം..

Sunday, 6 May 2018

അമിതമായ  കണ്ണീര്‍ നിങ്ങളുടെ കാഴ്ചകള്‍  വല്ലാതെ  മറച്ചു പിടിക്കും . മഴപെയ്തിനപ്പുറം ഒരു പ്രകാശനാളമുണ്ടെങ്കില്‍ മാത്രമേ  മഴവില്ലിന്‍റെ  വര്‍ണ്ണസമൃദ്ധികള്‍  വെളിപെട്ടു കിട്ടുകയുള്ളൂ.( ഫാദര്‍ ബോബി  ജോസ് )

Saturday, 5 May 2018

ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
റോമാ 8 : 35
നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
റോമാ 8 : 37
               ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നു ഇന്നു നമ്മെ അകറ്റാൻ കാരണമാവുന്ന ഘടകങ്ങൾ ഏവയെന്നു വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ക്ലേശവും ദുരിതവും പീഡനവും പട്ടിണിയുമെല്ലാം പൗലോശ്ലീഹായ്ക്കു ക്രിസ്തുവിനെ ധൈര്യപൂർവ്വം പ്രഘോഷിക്കാനുള്ള ഒരു പ്രചോദക ശക്തിയായിരുന്നു. ജീവിത ദുരിതങ്ങൾ തമ്പുരാനെ തള്ളിപ്പറയാനുള്ള അവസരമല്ല. ധീരതയോടെ അവയെ കീഴ്‌പ്പെടുത്തി ദൈവത്തിൽ  പ്രത്യാശയോടെ വിശ്വാസമർപ്പിച്ചു  ക്രിസ്തുസ്നേഹത്തിൽ ആഴപ്പെടാനും സാക്ഷ്യം വഹിക്കാനും ഉള്ള അവസരമാക്കി മാറ്റാം.

Friday, 4 May 2018

പരിപാലനാസ്നേഹം

ആകാശപ്പറവയും വയലിലെ ലില്ലിയും
നിൻ പരിപാലന അറിയുന്നെങ്കിൽ
ചങ്കിലെ ചോരയാൽ നീ സ്വന്തമാക്കിയ
ജീവിതം നിൻ കരുണാമൃതം

      സങ്കടത്താൽ നീ ഭാരപ്പെടുമ്പോഴും
      നിന്ദന മുള്ളുകൾ തറഞ്ഞിടും നേരവും
      ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
      എന്റെ പൊന്നോമനയാകും കുഞ്ഞേ
      ഭയപ്പെടേണ്ട പതറിടേണ്ട
      ഞാനുണ്ട് നിന്നോട് കൂടെ



ജീവിതഭാരങ്ങൾ വലച്ചിടുമ്പോഴും
പരാജയഭീതിയിൽ തകർന്നിടുമ്പോഴും
ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
എന്റെ പൊന്നോമനയാകും കുഞ്ഞേ ഭയപ്പെടേണ്ട....... പതറിടേണ്ട.....
ഞാനുണ്ട് നിന്നോട് കൂടെ...

       പാപക്കെണികളിൽ കുടുങ്ങിടുമ്പോഴും
       നൈരാശ്യചിന്തകൾ ഏറിടും നേരവും
       ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
       എന്റെ പൊന്നോമനയാകും കുഞ്ഞേ               ഭയപ്പെടേണ്ട........ പതറിടേണ്ട.....
       ഞാനുണ്ട് നിന്നോട് കൂടെ.....



          

Thursday, 3 May 2018

ദന്ത സംരക്ഷണം കുട്ടികളിൽ


അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അൽപസമയം വിശ്രമിക്കാം എന്നു കരുതി ചെയറിൽ നിന്നു എണീറ്റപ്പോളാണ് പ്രിയ തന്റെ ഇളയ കുട്ടിയുമായി എത്തിയത്. അതോടെ വിശ്രമസമയം അവരോടൊപ്പം ചിലവഴിക്കാന്‍ തീരുമാനിച്ചു.. കുശലാന്വേഷണങ്ങൾ നാട്ടുവിശേഷങ്ങളിലേയ്ക്കും ഒടുവില്‍ ചില ചോദ്യങ്ങളിലേയ്ക്കും വഴി മാറി. കുട്ടികളുടെ പല്ലിനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങളുടെ പാൽപല്ലുകള്‍, അതിന്റെ പ്രാധാന്യം, അവരുടെ പല്ലുവേദന....
അങ്ങനെ പലതിനെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍. ഏറ്റവും ഒടുവില്‍ ചോദിച്ചതായിരുന്നു ഏറ്റവും രസകരവും പ്രധാനപ്പെട്ടതും -   കുഞ്ഞുങ്ങളുടെ ആദ്യത്തെ പല്ലുകള്‍  പോയി വേറെ പുതിയ പല്ലു  വരാനുള്ളതല്ലേ, പിന്നെ എന്തിനാണ്  കുഞ്ഞുങ്ങളുടെ പല്ലുകള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്?

പ്രിയയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരം നല്‍കി. എങ്കിലും ഒരു കാര്യം ബോധ്യപ്പെട്ടു. ഇപ്പോഴും ആളുകള്‍ക്ക് കുഞ്ഞുങ്ങളുടെ  ദന്തപരിചരണത്തെക്കുറിച്ച് കാര്യമായി അറിഞ്ഞുകൂടാ. യഥാര്‍ത്ഥത്തില്‍,  കുഞ്ഞുങ്ങളുടെ ദന്തപരിചരണം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ച് വ്യക്തമായ അറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.

                   
                       ദന്ത പരിരക്ഷണം ശാരീരിക
സംരക്ഷണം പോലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചെറുപ്രായത്തിൽ ആരംഭിച്ചാൽ ദന്തരോഗ്യം നിലനിർത്താൻ എളുപ്പത്തിൽ സാധിക്കും.

 പല്ലുകൾ രണ്ടു തരം
* 20 പാൽപ്പല്ലുകൾ
* 32 സ്ഥിര ദന്തങ്ങൾ
 
 1.ആദ്യത്തെ  6  മാസo കുഞ്ഞുങ്ങൾ മോണയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ തവണയും മുലയൂട്ടലിന് ശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ചു മോണ വൃത്തിയാക്കണം. 6 മാസമാകുമ്പോളേയ്ക്കും പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു. ഈ സമയത്തു കുഞ്ഞുങ്ങളിൽ പനിയും മനം പുരട്ടലും ചെറിയ തോതിൽ അസ്വസ്ഥതകളും ഒക്കെ ഉണ്ടാവുക സാധാരണമാണ്. അതിൽ തെല്ലും  ഭയപ്പെടേണ്ടതില്ല.

2. ഏകദേശം ഒരു വയസാകുമ്പോൾ മുൻനിര പല്ലുകൾ വന്നു തുടങ്ങുന്നു. അപ്പോൾ മുതൽ പല്ലു തേക്കാൻ കുഞ്ഞുങ്ങൾക്കു പരിശീലനം നൽകാൻ തുടങ്ങണം. പേസ്റ്റ് ഉപയോഗിക്കാതെ ഈ കാലയളവിൽ കുഞ്ഞുങ്ങൾക്ക് ബ്രഷ് ചെയ്തു കൊടുക്കാൻ ആരംഭിക്കാം. കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ബ്രഷുകൾ ഇന്ന് ലഭ്യമാണ്. ഏകദേശം രണ്ടുവയസ് ആകുമ്പോളേയ്ക്കും എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയുന്നു. പല്ലുകൾ മുളച്ചശേഷം മുലപ്പാൽ കൊടുക്കുന്നതും കുപ്പിപ്പാൽ നൽകുന്നതും പല്ലുകളിൽ കേടു വരാൻ കാരണമാകുന്നു.ഉറങ്ങാൻ പോകുന്നതിനു മുൻപ് പാല് കൊടുക്കുന്നതും കുപ്പിപ്പാൽ വായിൽ വച്ചു ഉറങ്ങാൻ അനുവദിക്കുന്നതും ഒഴിവാക്കിയാൽ ഒരു പരിധിവരെ പാൽപ്പല്ലുകളിൽ വരുന്ന കേടുകൾ പരിഹരിക്കാൻ സാധിക്കും.

3. ആറ് വയസ്സു പ്രായമാകുമ്പോൾ കുട്ടികളിൽ ആദ്യ സ്ഥിര ദന്തം (അണപല്ലു ) മുളച്ചു വരും. പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകാൻ ആരംഭിക്കും. കോമ്പല്ലുകൾ മുളക്കുന്നതോടെ പല്ലുകൾ പൊന്തിയും ചെരിഞ്ഞും  വിടവുകൾ ഉണ്ടായതായും ഒക്കെ കണ്ടേക്കാം.

ഈ പ്രായത്തിൽ അതു സ്വാഭാവികമാണ്. കോമ്പല്ലുകൾ പൂർണമായും വന്ന ശേഷവും അപ്രകാരം കാണപ്പെട്ടാൽ ദന്തരോഗ വിദഗ്ധന്റെ  സഹായം തേടണം. സ്ഥിരദന്തത്തിന് വരുവനായി സ്ഥലം കൊടുക്കുക എന്നതാണ് പാൽപ്പല്ലുകളുടെ പ്രധാനപ്പെട്ട ധർമ്മങ്ങളിൽ ഒന്ന്. ആയതിനാൽ പല്ലുകൾ  കേടല്ലേ എന്നു കരുതി സമായമാകുന്നതിനു  മുൻപ് എടുത്തു കളയുന്നത് സ്ഥിര ദന്തങ്ങൾക്കു വരുവാനുള്ള സ്പേസ് നഷ്ടമാക്കുകയും പല്ലുകൾ നിരതെറ്റി വരുവാൻ കാരണമാവുകയും ചെയ്യും. 13 വയസാകുമ്പോളേയ്ക്കും  രണ്ടാമത്തെ അ ണപ്പല്ലുകൾ മുളച്ചു വരാൻ തുടങ്ങും .ഈ കാലയളവിൽ ദിവസവും 2 നേരം  കുട്ടികളെക്കൊണ്ടുതന്നെ ബ്രഷ് ചെയ്യിപ്പിക്കണം. ചെറിയ ചെറിയ കേടുകൾ കണ്ടാൽ അവ മാറ്റി ഫില്ലിംഗ് ചെയ്യണം. ഇടക്കിടക്ക് ഭക്ഷണം(sancks) കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് പല്ലുകൾക്ക് വരുന്ന കേടുകൾ തടയാൻ സഹായിക്കുന്നു. ഇനി കഴിക്കുകയാണെങ്കിൽ തന്നെ ശേഷം വായ കഴുകി വൃത്തിയാക്കാനുള്ള നല്ല പരിശീലനവും കൂടെ നൽകണം.

4. 18-21 വരെയുള്ള പ്രായത്തിൽ വിസ്ഡം പല്ലുകൾ(മൂന്നാമത്തെ അണപ്പല്ലു) മുളച്ചു തുടങ്ങും. ചിലപ്പോൾ വേദനക്കും നീരിനും അതു കാരണമായേക്കാം.  വായ തുറക്കാനും അടക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യത്തിൽ ഒരു ദന്തരോഗ  വിദഗ്‌ധന്റെ ഉപദേശം തേടേണ്ടതാണ്.

        പ്രതിരോധമാണ് ചികിത്സയെക്കാൾ വളരെ ഉത്തമം. ശരിയായ ഭക്ഷണ ക്രമത്തിലൂടെയും ബ്രഷിംഗ് രീതികൾ ഉപയോഗിച്ചും ആറു മാസത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദർശിച്ചും ദന്തരോഗ്യം പരിപാലിക്കാം. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ നിങ്ങളുടെ കുഞ്ഞുങ്ങൾക്കു സാധിക്കട്ടെ.  നിഷ്‌കളങ്കമായ അവരുടെ പുഞ്ചിരി അനേകർക്ക് സന്തോഷം പകരട്ടെ.

Wednesday, 2 May 2018

കാരുണ്യം







"നിന്റെ ദുരിതാവസ്ഥ എന്റെ കരുണയ്ക്ക് പ്രതിബന്ധമല്ല.ഒരു ആത്മാവിന്റെ ദയനീയത എത്ര അധികമാണോ അത്രയും ശക്തമാണ് എന്റെ കരുണയ്ക്കുള്ള അതിന്റെ അവകാശവും. കുരിശിൽ വച്ചു ,കുന്തത്താൽ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം,ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കൾക്കും വേണ്ടി ഉള്ളതാണ്."
           ( ഈശോ വി. ഫൗസ്റ്റീനയോട്)
                       കർത്താവിന്റെ കരുണയിൽ ആശ്രയിക്കാൻ ഭയപ്പെടുന്നവരാണോ നാം? നിന്റെ അവസ്ഥ എത്ര ഭീകരമാണെന്നു നിനക്കു തോന്നിയാലും കർത്താവ് തന്റെ കരുണയിലേക്കു നമ്മെ ക്ഷണിക്കുന്നു. ഒരു പാപിയുടെ തിരിച്ചുവരവിൽ അകമഴിഞ്ഞു സന്തോഷിക്കുന്നവനാണ് നമ്മുടെ ദൈവം.നമ്മുടെ പാപത്തിന്റെ വലിപ്പമനുസരിച്ചുള്ള കൃപയ്ക്ക് നാം അര്ഹരാണെന്നു കർത്താവുറപ്പു തരുന്നു. ജീവിതം ഏതവസ്ഥയിലായിരുന്നാലും കർത്താവിങ്കലേക്കു തിരിയാൻ മടിക്കരുത്. അവൻ കരുണയോടെ കാത്തിരിക്കുന്ന ദൈവമാണ്. നമുക്ക് അവിടുത്തെ കരുണ യിൽ ആശ്രയിക്കാം. മറ്റുള്ളവരെ ആ കരുണയിലേക്കടുപ്പിക്കാം. അതുവഴി അവിടുത്തെ കരുണക്കു നാം പാത്രീഭൂതരായിത്തീരും.

Tuesday, 1 May 2018

അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങു തന്നെ തിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍  ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ,വിശുദ്‌ധമന്‌ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്‌തരാകും.
സങ്കീര്‍ത്തനങ്ങള്‍ 65 : 4


കർത്താവിന്റെ അങ്കണത്തിൽ വസിക്കാൻ കർത്താവ് തന്നെ തിരഞ്ഞെടുത്തു കൊണ്ടുവന്നവരാണ് ഓരോ ക്രൈസ്തവനും. അവൻ ഭാഗ്യവാൻ ആണെന്നും വിശുദ്ധമന്ദിരത്തിലെ നന്മ കൊണ്ടു തൃപ്തരാകുമെന്നും ഒക്കെ തിരുവചനം സാക്ഷിക്കുമ്പോൾ നാം ആരാണെന്നും നമ്മുടെ സ്ഥാനം എന്താണെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഉന്നതമായ വിളി ലഭിച്ച നാം പലപ്പോഴും ധൂർത്തപുത്രന് സമനായി ജീവിക്കുന്നു. എല്ലാം സമൃദ്ധമായി നമുക്ക് നൽകാൻ കഴിയുന്ന കർത്താവിൽ നമുക്ക് ആശ്രയിക്കാൻ പഠിക്കാം. വി.കുർബാനയും ദൈവവചനവുമാണ് വിശുദ്ധമന്ദിരത്തിലെ  നൻമകൾ. ഇതു രണ്ടും ജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളായി സ്വീകരിച്ചു നമുക്ക്‌ തൃപ്തരാകാം. അനുദിന ജീവിതം കൃപ പൂര്ണമാക്കാം.