Thursday 3 May 2018

ദന്ത സംരക്ഷണം കുട്ടികളിൽ


അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അൽപസമയം വിശ്രമിക്കാം എന്നു കരുതി ചെയറിൽ നിന്നു എണീറ്റപ്പോളാണ് പ്രിയ തന്റെ ഇളയ കുട്ടിയുമായി എത്തിയത്. അതോടെ വിശ്രമസമയം അവരോടൊപ്പം ചിലവഴിക്കാന്‍ തീരുമാനിച്ചു.. കുശലാന്വേഷണങ്ങൾ നാട്ടുവിശേഷങ്ങളിലേയ്ക്കും ഒടുവില്‍ ചില ചോദ്യങ്ങളിലേയ്ക്കും വഴി മാറി. കുട്ടികളുടെ പല്ലിനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങളുടെ പാൽപല്ലുകള്‍, അതിന്റെ പ്രാധാന്യം, അവരുടെ പല്ലുവേദന....
അങ്ങനെ പലതിനെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍. ഏറ്റവും ഒടുവില്‍ ചോദിച്ചതായിരുന്നു ഏറ്റവും രസകരവും പ്രധാനപ്പെട്ടതും -   കുഞ്ഞുങ്ങളുടെ ആദ്യത്തെ പല്ലുകള്‍  പോയി വേറെ പുതിയ പല്ലു  വരാനുള്ളതല്ലേ, പിന്നെ എന്തിനാണ്  കുഞ്ഞുങ്ങളുടെ പല്ലുകള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്?

പ്രിയയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരം നല്‍കി. എങ്കിലും ഒരു കാര്യം ബോധ്യപ്പെട്ടു. ഇപ്പോഴും ആളുകള്‍ക്ക് കുഞ്ഞുങ്ങളുടെ  ദന്തപരിചരണത്തെക്കുറിച്ച് കാര്യമായി അറിഞ്ഞുകൂടാ. യഥാര്‍ത്ഥത്തില്‍,  കുഞ്ഞുങ്ങളുടെ ദന്തപരിചരണം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ച് വ്യക്തമായ അറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.

                   
                       ദന്ത പരിരക്ഷണം ശാരീരിക
സംരക്ഷണം പോലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചെറുപ്രായത്തിൽ ആരംഭിച്ചാൽ ദന്തരോഗ്യം നിലനിർത്താൻ എളുപ്പത്തിൽ സാധിക്കും.

 പല്ലുകൾ രണ്ടു തരം
* 20 പാൽപ്പല്ലുകൾ
* 32 സ്ഥിര ദന്തങ്ങൾ
 
 1.ആദ്യത്തെ  6  മാസo കുഞ്ഞുങ്ങൾ മോണയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ തവണയും മുലയൂട്ടലിന് ശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ചു മോണ വൃത്തിയാക്കണം. 6 മാസമാകുമ്പോളേയ്ക്കും പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു. ഈ സമയത്തു കുഞ്ഞുങ്ങളിൽ പനിയും മനം പുരട്ടലും ചെറിയ തോതിൽ അസ്വസ്ഥതകളും ഒക്കെ ഉണ്ടാവുക സാധാരണമാണ്. അതിൽ തെല്ലും  ഭയപ്പെടേണ്ടതില്ല.

2. ഏകദേശം ഒരു വയസാകുമ്പോൾ മുൻനിര പല്ലുകൾ വന്നു തുടങ്ങുന്നു. അപ്പോൾ മുതൽ പല്ലു തേക്കാൻ കുഞ്ഞുങ്ങൾക്കു പരിശീലനം നൽകാൻ തുടങ്ങണം. പേസ്റ്റ് ഉപയോഗിക്കാതെ ഈ കാലയളവിൽ കുഞ്ഞുങ്ങൾക്ക് ബ്രഷ് ചെയ്തു കൊടുക്കാൻ ആരംഭിക്കാം. കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ബ്രഷുകൾ ഇന്ന് ലഭ്യമാണ്. ഏകദേശം രണ്ടുവയസ് ആകുമ്പോളേയ്ക്കും എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയുന്നു. പല്ലുകൾ മുളച്ചശേഷം മുലപ്പാൽ കൊടുക്കുന്നതും കുപ്പിപ്പാൽ നൽകുന്നതും പല്ലുകളിൽ കേടു വരാൻ കാരണമാകുന്നു.ഉറങ്ങാൻ പോകുന്നതിനു മുൻപ് പാല് കൊടുക്കുന്നതും കുപ്പിപ്പാൽ വായിൽ വച്ചു ഉറങ്ങാൻ അനുവദിക്കുന്നതും ഒഴിവാക്കിയാൽ ഒരു പരിധിവരെ പാൽപ്പല്ലുകളിൽ വരുന്ന കേടുകൾ പരിഹരിക്കാൻ സാധിക്കും.

3. ആറ് വയസ്സു പ്രായമാകുമ്പോൾ കുട്ടികളിൽ ആദ്യ സ്ഥിര ദന്തം (അണപല്ലു ) മുളച്ചു വരും. പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകാൻ ആരംഭിക്കും. കോമ്പല്ലുകൾ മുളക്കുന്നതോടെ പല്ലുകൾ പൊന്തിയും ചെരിഞ്ഞും  വിടവുകൾ ഉണ്ടായതായും ഒക്കെ കണ്ടേക്കാം.

ഈ പ്രായത്തിൽ അതു സ്വാഭാവികമാണ്. കോമ്പല്ലുകൾ പൂർണമായും വന്ന ശേഷവും അപ്രകാരം കാണപ്പെട്ടാൽ ദന്തരോഗ വിദഗ്ധന്റെ  സഹായം തേടണം. സ്ഥിരദന്തത്തിന് വരുവനായി സ്ഥലം കൊടുക്കുക എന്നതാണ് പാൽപ്പല്ലുകളുടെ പ്രധാനപ്പെട്ട ധർമ്മങ്ങളിൽ ഒന്ന്. ആയതിനാൽ പല്ലുകൾ  കേടല്ലേ എന്നു കരുതി സമായമാകുന്നതിനു  മുൻപ് എടുത്തു കളയുന്നത് സ്ഥിര ദന്തങ്ങൾക്കു വരുവാനുള്ള സ്പേസ് നഷ്ടമാക്കുകയും പല്ലുകൾ നിരതെറ്റി വരുവാൻ കാരണമാവുകയും ചെയ്യും. 13 വയസാകുമ്പോളേയ്ക്കും  രണ്ടാമത്തെ അ ണപ്പല്ലുകൾ മുളച്ചു വരാൻ തുടങ്ങും .ഈ കാലയളവിൽ ദിവസവും 2 നേരം  കുട്ടികളെക്കൊണ്ടുതന്നെ ബ്രഷ് ചെയ്യിപ്പിക്കണം. ചെറിയ ചെറിയ കേടുകൾ കണ്ടാൽ അവ മാറ്റി ഫില്ലിംഗ് ചെയ്യണം. ഇടക്കിടക്ക് ഭക്ഷണം(sancks) കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് പല്ലുകൾക്ക് വരുന്ന കേടുകൾ തടയാൻ സഹായിക്കുന്നു. ഇനി കഴിക്കുകയാണെങ്കിൽ തന്നെ ശേഷം വായ കഴുകി വൃത്തിയാക്കാനുള്ള നല്ല പരിശീലനവും കൂടെ നൽകണം.

4. 18-21 വരെയുള്ള പ്രായത്തിൽ വിസ്ഡം പല്ലുകൾ(മൂന്നാമത്തെ അണപ്പല്ലു) മുളച്ചു തുടങ്ങും. ചിലപ്പോൾ വേദനക്കും നീരിനും അതു കാരണമായേക്കാം.  വായ തുറക്കാനും അടക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യത്തിൽ ഒരു ദന്തരോഗ  വിദഗ്‌ധന്റെ ഉപദേശം തേടേണ്ടതാണ്.

        പ്രതിരോധമാണ് ചികിത്സയെക്കാൾ വളരെ ഉത്തമം. ശരിയായ ഭക്ഷണ ക്രമത്തിലൂടെയും ബ്രഷിംഗ് രീതികൾ ഉപയോഗിച്ചും ആറു മാസത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദർശിച്ചും ദന്തരോഗ്യം പരിപാലിക്കാം. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ നിങ്ങളുടെ കുഞ്ഞുങ്ങൾക്കു സാധിക്കട്ടെ.  നിഷ്‌കളങ്കമായ അവരുടെ പുഞ്ചിരി അനേകർക്ക് സന്തോഷം പകരട്ടെ.

No comments:

Post a Comment