Monday 30 April 2018

ക്ഷമ






പിതാവേ..... പിതാവേ....
ഇവരോട് ക്ഷമിക്കേണമേ
ഇവർ ചെയ്തതെന്തെന്നിവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ(2)
തിരുക്കുരിശാൽ തിരുരക്തത്താൽ അഭിഷേകം ചെയ്യേണമേ

നിഷ്ക്കളങ്ക മനതാരിൽ
ആഴമാം മുറിവുകളേകിയിവർ
ചെയ്യാത്തകുറ്റത്തിൻ ചുമടുകളേറ്റി
ക്രൂരമായെന്നെ അപഹസിച്ചു
 നാഥാ... എൻ നാഥാ....
ഇവരോട് ക്ഷമിക്കണമേ
തിരുക്കുരിശാൽ തിരുരക്തത്താൽ അഭിഷേകം ചെയ്യണമേ

ഘോരമാം വാക്കുകളാൽ
എന്നാത്മം കുത്തിതുളക്കുന്നിവർ
ജീവിക്കാൻ അനുവദിക്കുന്നില്ലെൻ ദൈവമേ
സഹനത്തിൻ ശരശയ്യ തീർത്തിടുന്നു
 നാഥാ... എൻ നാഥാ....
ഇവരോട് ക്ഷമിക്കണമേ
തിരുക്കുരിശാൽ തിരുരക്തത്താൽ അഭിഷേകം ചെയ്യണമേ

അനുഗ്രഹ ഹസ്തമേകാൻ
കൃപയും ബലവുമായ് നീ വരിക
ഉള്ളം തുറന്നു ക്ഷമനല്കുവാനായ്
ക്രൂശിതസ്നേഹമേ നീ വരിക
നാഥാ... എൻ നാഥാ....
ഇവരോട് ക്ഷമിക്കണമേ
തിരുക്കുരിശാൽ തിരുരക്തത്താൽ അഭിഷേകം ചെയ്യണമേ

Sunday 29 April 2018

കാത്തിരിക്കുന്നവൻ

എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക്‌ ഒന്നും കിട്ടിയില്ല.

                        യോഹന്നാന്‍ 21 : 3

അവന്‍ പറഞ്ഞു: വള്ളത്തിന്‍െറ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്‍െറ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

                       യോഹന്നാന്‍ 21 : 6

            ഒരേ സ്ഥലത്തു രണ്ടു സമയങ്ങളിൽ രണ്ടു മനോഭാവത്തോടെ ശിഷ്യൻന്മാർ വലയിറക്കുന്നു... ആദ്യം ഒന്നും ലഭിക്കുന്നില്ല. പക്ഷെ അവൻ പറഞ്ഞതനുസരിച്ചു വീണ്ടും അതേ സ്ഥലത്തു വലയിറക്കാൻ തയ്യാറായപ്പോൾ ''മീനിന്റെ ആധിക്യം നിമിത്തം വല വലിച്ചു കയറ്റാൻ അവർക്ക് കഴിഞ്ഞില്ല'' എന്നു സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിലും വിസ്മയവാഹമായ കരുതൽ നൽകി ശക്തി പ്രകടമാക്കാൻ തയ്യാറായി കർത്താവ് അനുദിനവും കാത്തിരുപ്പുണ്ട്. ഓരോ വി.കുര്ബാനയിലും പ്രാതലൊരുക്കി അവൻ കാത്തിരിക്കുന്നു. നിന്റെ ജീവിതത്തിലെ പ്രതീക്ഷ നഷ്ടപ്പെട്ടുവോ? ഇനിയൊരിക്കലും നന്മ നിന്നിലൂടെ ഉണ്ടാവില്ലെന്ന് ആരെങ്കിലും നിന്നെപ്പറ്റി പറഞ്ഞിട്ടുണ്ടോ? നിന്റെ ഇല്ലായ്മയിലേക്കു ഇറങ്ങിവരാൻ കർത്താവിനെ അനുവദിക്കുക.അവൻ പറയുന്നതുപോലെ ചെയ്യുക . കണ്ണുകൾ കാണാത്തവ അവൻ നിനക്കായ് പ്രവർത്തിക്കും.

Saturday 28 April 2018

പ്രത്യാശ

  "എന്റെ സഹനം എന്റെ ശക്തിക്കതീതമാണെന്നു തോന്നുമ്പോഴെല്ലാം ഞാൻ അതേക്കുറിച്ചു പര്യാലോചിക്കുകയോ വിശകലനം ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യാതെ ,ഒരു കുഞ്ഞിനെപ്പോലെ ഈശോയുടെ ഹൃദയത്തിലേക്ക് ഓടിച്ചെന്നു, അവിടുത്തോട് ഒരു വാക്കു മാത്രം പറയുന്നു:"അങ്ങേയ്ക്കെല്ലാം സാധ്യമാണ്". പിന്നീട് ഞാൻ മൗനം പാലിക്കുന്നു,കാരണം ഇക്കാര്യത്തിൽ ഈശോ ഇടപെട്ടുകൊള്ളുമെന്നു ഞാൻ അറിയുന്നു.

                                                                                                                വി. ഫൗസ്റ്റീന.


                                        സഹനത്തോടുള്ള, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോളുള്ള നമ്മുടെ മനോഭാവത്തെ ഒന്നു വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. സർവ്വവും ദൈവത്തിനു കൊടുത്തു ശാന്തരാവാൻ ,ദൈവം എന്റെ ജീവിതത്തിൽ ഇടപെടും എന്ന ഉറപ്പോടെ നമ്മെ ദൈവതിരുമനസിന് കീഴ്പ്പെടുത്തുവാനുള്ള വിശ്വാസധാർഢ്യം നമുക്ക്‌ ഉണ്ടാവണമെന്ന്  വി. ഫൗസ്റ്റിന തന്റെ ഡയറിയിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടാവണം സങ്കീർത്തകൻ എപ്രകാരം പറയുന്നത്,"മാതാവിന്റെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി. ശാന്തമായുറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്","മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല"എന്നൊക്കെ. 'അങ്ങേയ്ക്കെല്ലാം സാധ്യമാണ്, ഇക്കാര്യത്തിൽ ദൈവം ഇടപെട്ടുകൊള്ളും' എന്നു പ്രതിസന്ധികളെ നോക്കി വിശുദ്ധയെപ്പോലെ നമുക്കും പറയാം. വിശ്വാസദാർഢ്യം ഉള്ളവരാകാം...

Friday 27 April 2018

സഹയാത്രികൻ



ദൈവം കരുണമയൻ
അലിവൂറും പരിപാലകൻ
നിന്നെ കരുതുന്ന നിന്നെ കാക്കുന്ന
സഹയാത്രികൻ നിന്റെ താതൻ
എന്നും തുണയായി നില്ക്കുന്ന സ്നേഹം

  കരുതുന്ന സ്നേഹം കാക്കുന്നസ്നേഹം
  നെഞ്ചോടണയ്ക്കുന്ന സ്നേഹം
   വഴിയോരകണ്ണുമായി നിന്നെ തേടുന്ന
   വാത്സല്യവാരിധി ദൈവം


ഇടറിയോ... നിന്മനം പതറിയോ
 ഭയമരുതെ മകനെ മകളേ
 വലം കരം പുൽകി നിന്നെ നടത്താൻ
പ്രിയതാതൻ നിൻ കൂടെയുണ്ട്
ബലഹീനതയെല്ലാം
ബലമായ് പകർത്താൻ
ക്രൂശിതൻ നിൻകൂടെയുണ്ട്
 ക്രൂശിന്റെ  ചാരത്തായണയൂ   


വചനം.... തിരുവചനം... സ്വന്തമാക്കു
 പരാജയമേൽക്കാത്ത തിരുമൊഴികൾ
 ഇടറിവീഴാതെ നിന്നെ നയിക്കാൻ
സഹായകൻ നിന്നോട് കൂടെ
ദിവ്യകാരുണ്യമായ്‌ കരുണാർദ്ര സ്നേഹമായ്
നിന്നെ താങ്ങുന്നു ഈശോ
 തോളിൽ വഹിക്കുന്ന സ്നേഹം


Thursday 26 April 2018

ഞാന്‍ തന്നെ നിന്നെആശ്വസിപ്പിക്കുന്നവന്‍. 

                                                                           ഏശയ്യാ 51 : 12           

                               ഇതിലും വലിയൊരു സാന്ത്വനം   ഇനി ലഭിക്കാനുണ്ടോ? സർവ ശക്തനായ തമ്പുരാൻ നമുക്കു ഉറപ്പു തരുന്നു ഞാൻ തന്നെ നിന്റെ ആശ്വാസദായകൻ എന്ന്. ഇനി  ആശ്വാസം തേടി അലയേണ്ടതുണ്ടോ? ആകാശവും ഭൂമിയും കടന്നു പോയാലും എന്റെ വചനത്തിൽ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലന്നു അവിടുന്നു പറഞ്ഞിട്ടുള്ളത് സംഭവിക്കുക തന്നെ ചെയ്യും. കാരണം അവൻ വാഗ്ദാനങ്ങളിൽ വിശ്വസ്തൻ ആണ്. ജീവിത പ്രതിസന്ധികളിൽ  അലയാതെ കർത്താവിന്റെ അടുത്തേക്ക് നമുക്ക് ഓടിയണയാം. കണ്ണിലെണ്ണയൊഴിച്ചു നമ്മുടെ വരവിനായി അവിടുന്നു കാത്തിരിക്കുന്നു. നിന്റെ കണ്ണീർക്കണങ്ങൾ കുപ്പിയിൽ ഞാൻ ശേഖരിച്ചിട്ടുണ്ട് എന്നു അവിടുന്നു പറയുന്നു. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ തമ്പുരാന്റെ കരങ്ങളിൽ നമ്മുടെ വേദനകളും സന്തോഷങ്ങളും പങ്കുവക്കാൻ നമുക്ക്  പരിശീലിക്കാം. ഉത്തമസ്‌നേഹിതനായി അവിടുന്നു കൂടെയുണ്ട്.

Wednesday 25 April 2018

വചനാമൃതം

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.ജറെമിയാ 29 : 11

ശുഭമായ ഭാവിയും പ്രത്യാശയും നല്കാൻ  എന്നെ കാത്തിരിക്കുന്ന ദൈവം... ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ അനുഭവങ്ങളിലൂടെയും-അവ സന്തോഷമാകാം സങ്കടമാവാം - നിന്റെ ദൈവം നിന്റെ മുൻപിൽ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു...ജീവിത പ്രശ്നങ്ങൾക്ക് കാരണക്കാരായി ഞാൻ മറ്റുള്ളവരെ കാണുമ്പോൾ ഇരു ട്ടിലേക്കുള്ള യാത്രയായി അത് മാറുന്നു.എന്നാൽ എല്ലാറ്റിനുമീതെ ദൈവത്തിന്റെ കരം ദർശിക്കാൻ സാധിക്കുമ്പോൾ ദൈവകൃപയിലേക്കു ഞാൻ ചുവടുകൾ വയ്ക്കുന്നു... ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിക്കുന്ന നാം വേദനകൾ സ്വീകരിക്കാൻ ഭയപ്പെടുന്നു.ഓരോ ജീവിതാനുഭവങ്ങളിലും നാം നേടിയെടുക്കേണ്ട ഒരു കൃപ നല്ല ദൈവം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഒരുപക്ഷെ നമുക്കൊരു നന്മയും കാണാൻ സാധിക്കുന്നില്ലായിരിക്കാം... ദൈവം നിശബ്ധനായിരിക്കാം ...അതുമല്ലെങ്കിൽ നമ്മുടെ കുഞ്ഞു ബുദ്ധിക്കു ഗ്രഹിക്കാൻ പറ്റാത്തവയാകാം... എന്തുമായിക്കൊള്ളട്ടെ ,നന്മ തന്നെയായ ദൈവം ഒരിക്കലും തിന്മ ചെയ്യില്ല എന്ന ബോധ്യം നമ്മെ ഭരിക്കട്ടെ... അവിടുത്തെ പദ്ധതി  നാശത്തിനുള്ളതല്ല..... ക്ഷേമത്തിനുള്ളതത്രേ ...ദൈവം തന്നു ,ദൈവം എടുത്തു,അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ എന്ന് ജോബിനൊപ്പം ഏറ്റുചൊല്ലി എല്ലാ ജീവിതാനുഭവങ്ങളെയും കൃതജ്ഞതയോടെ സ്വീകരിക്കാൻ നമുക്ക് സാധിക്കട്ടെ ... സർവശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ..... 

        

Tuesday 24 April 2018

കരുണാർദ്ര സ്നേഹം

കരുണയാകും ദൈവമേ കാവലാകും സ്‌നേഹമേ 
കരുണയാക്കിമാറ്റണെ  എൻ ജീവിതം 
കരുണയോടെ മനുജനായ് തനു  തകർത്തു  നൽകി നീ 
നിണമൊഴുക്കി സൗഖ്യമേകി ആത്മജീവനായി നീ 

അകലെയകലും  പാപി ഞാൻ 
അരികത്തായെന്നെ ചേർക്കുമോ 
ഓ... സ്നേഹമേ.... കാരുണ്യമേ...
അങ്ങേയ്ക്കെതിരായ്  സ്വർഗത്തിനെതിരായ് 
ദ്രോഹം ചെയ്തവൻ  ഞാൻ 
കരുതലേകും കരം തകർത്തു ഓടി അകന്നവൻ ഞാൻ 
തിരുഹൃദയ ചേവടിയിൽ ചേർത്തിടുകെന്നേ 
സ്നേഹനായകാ .... ആത്മസ്നേഹിതാ...


ആണിപ്പഴുതാർന്ന  കരവുമായ് 
കാത്തിരുന്ന് നീ സ്നേഹമേ
എന്നെ താങ്ങിടുവാൻ തോളിൽ വഹിച്ചിടുവാൻ 
ദിവ്യകാരുണ്യമായ് സ്നേഹവാൽസല്യമായ് 
എന്നിൽ നീയണഞ്ഞു 
കരുണപൊഴിയും ഹൃദയമോടെ 
എന്നെ ചേർത്തണച്ചു 
നന്ദി ചൊല്ലി നന്ദി ചൊല്ലി നിന്നെ വാഴ്ത്തീടാം 
സ്നേഹനായകാ ... ആത്മസ്നേഹിതാ ....

വചനാമൃതം

 മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
ഏശയ്യാ 49 : 15

             
                                       ആരൊക്കെ നിന്നെ
 മറന്നാലും മറക്കാത്ത ഉറ്റ സഹചാരിയായി നിന്റെ കൂടെ നടക്കുന്നവനാണ് ദൈവം. ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് . വിശ്വസിക്കുന്നവന് എല്ലാം സാധ്യമാണ്. വ്യവസ്ഥകളേതുമില്ലാതെ പരിധികളില്ലാതെ നമ്മെ സ്നേഹിക്കുന്ന ദൈവത്തിൽ ആഴമായ ആശ്രയമർപ്പിച്ച് ജീവിതം കൃപ നിറഞ്ഞതാക്കാം.

Monday 23 April 2018

ആനന്ദം..വചനാമൃതം

" അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്‍െറ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌."

           സങ്കീർത്തനങ്ങള്‍ 16 : 11                     
 ആനന്ദത്തിന്റെ പൂർണ്ണത ദൈവത്തിലാണെന്ന് വി.ഗ്രന്ഥം നമുക്ക് ഉറപ്പു നൽകുമ്പോൾ ശാശ്വതമായ ഈ ആനന്ദംതേടിയുള്ള നമ്മുടെ യാത്രകൾ എവിടേയ്ക്ക്?  ശാശ്വത സന്തോഷം നൽകുന്ന തമ്പുരാനെ ഉപേക്ഷിച്ച് ഈ ലോകത്തിൽ അവ തേടുന്ന മനുഷ്യൻ എത്ര നിർഭാഗ്യവാനാണ് . അവയുടെ അന്ത്യം പലപ്പോഴും അത്യന്തം നിരാശാജനകവും. നിനക്കുണ്ടന്ന് ,നിന്റെതാണെന്ന് നീ കരുതിയവ നിനക്ക് നഷ്ടപ്പെട്ടുവോ? നിനക്ക് ആശ്വാസമേകുമെന്ന് കരുതിയവർ നിന്നെ ഉപേക്ഷിച്ചുവോ? ഭയപ്പെടേണ്ട , സങ്കടപ്പെടേണ്ട... ആനന്ദത്തിന്റെ പൂർണ്ണതയായ ദൈവം നിന്റെ കൂടെയുണ്ട്. അവിടുന്ന് പറയുന്നു:ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍െറ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 9
കർത്താവ് നിന്റെ കൂടെയുണ്ട്. കൂടെ ആയിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നിത്യസഹായകനായ , നിത്യ സ്നേഹിതനായ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കാം....ദൈവം അനുഗ്രഹിക്കട്ടെ.

കൂട്ട്

ആരോരുമറിയാത്ത നൊമ്പരങ്ങൾ       പോലും
അറിയുന്നവൻ നീ കരുണാമയൻ

ആരോടുമോതുവാൻ കഴിയാത്ത രോദനം

അറിയുന്നവൻ നീ സ്നേഹനാഥൻ   
   

നാഥാ നീ വരില്ലേ ആധികൾ      നീക്കീടുവാൻ   

നാഥാ നീ തൊടില്ലേ ജീവിതം ധന്യമാവാൻ   

ആശ്രയമെന്നെന്നും നീ മാത്രമെ


ഈശോയെൻ പാദങ്ങൾ ഇടറുമ്പോഴും പാതകളിരുളുമ്പോഴും

മൊഴിയും മൃദുവായ് കനിവാലിന്നു ഞാൻ നിന്റെതും അതുപോൽ നീ എന്റേതും

പുൽമേടിനായ് അലയുമ്പോഴും പരിഹാരമായ് നിണമേകും നീ ആശയമെന്നെന്നുംനീമാത്രമെ


പാപത്താലെൻ മനo പിടയുമ്പോഴും ഉള്ളം തേങ്ങുമ്പോഴും

പകരുo പതിവായ് കരതാരെന്നും കരയേറുവാൻ ദിനവും മുന്നേറുവാൻ

പഴിചാരി ഞാൻ അകലുമ്പോഴും

പുതു ചൈതന്യം പകരുന്നു നീ 

ആശ്രയമെന്നെന്നും നീ മാത്രമേ.

Sunday 22 April 2018

വചനാമൃതം

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.മത്തായി 7 : 1-2

                                            എല്ലാവരുടെയും ഹൃദയങ്ങൾ കാണുന്ന,ആയിരിക്കുന്ന വിധം അവരെ മനസിലാക്കുന്ന ദൈവത്തിനു മാത്രമേ മനുഷ്യനെ വിധിക്കാൻ അവകാശമുള്ളൂ... എന്നാൽ പുല്ലിന് സദൃശമായ  കീടത്തിനു സമാനമായ മനുഷ്യൻ തന്റെ സഹോദരനെ വിധിക്കാൻ എന്ന് തത്രപ്പെട്ടുകൊണ്ടിരിക്കുന്നു.അതുവഴിയായി ആയി അവൻ ദൈവത്തിനു സമനാവാ ൻ  ശ്രെമിക്കുന്നു..നമ്മുടെ  ജീവിതത്തിലെ മിക്കവാറും പ്രശ്‌നങ്ങൾക്കെല്ലാം കാരണം നാമോരോരുത്തരും തന്നെയാണെന്ന് ഈശോ പറയുന്നു .. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. 
                                 നാവു തീയാണ്‌; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്‌. 
                                                                                                                             യാക്കോബ്‌ 3 : 6
                                 എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത്‌ അനിയന്ത്രിതമായ തിന്‍മയും മാരകമായ വിഷവുമാണ്‌.                                                                                                                              യാക്കോബ്‌ 3 : 8
                               ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.                                                                                                                              യാക്കോബ്‌ 3 : 9
                                                          നമ്മുടെ നാവിനെ സഹജന്റെ നന്മ  പറയുന്നതിനായി വിനിയോഗിക്കാം.അതുവഴി നമ്മുടെ ജീവിതവും നന്മയായി മാറും. ആ നന്മകളാവും നമ്മുടെ ജീവിതത്തെ വിധിക്കാൻ ദൈവം എടുക്കുന്ന അളവുകോൽ... നല്ലതു മാത്രം പറഞ്ഞു ദൈവത്തിന്റെ നാവായി മാറാൻ എന്ന് നമുക്ക് പരിശ്രെമിക്കാം .. ദൈവം അനുഗ്രഹിക്കട്ടെ ...

വചനാമൃതം

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
പുറപ്പാട്‌ 14 : 14

Saturday 21 April 2018

തിരുഹൃദയത്തണലിൽ

തിരുഹൃദയത്തണലിൽ ......



തിരുഹൃദയനാഥനെ തിരുജീവനേകിടു 
തിരുമുറിവാലെ നീ  തഴുകിത്തലോടിടു 
തിരുഹിതമാകുവാൻ  തിരുമുന്പിലേകിടാം 
തിരുക്കരത്താലെന്നെ  താങ്ങി നടത്തുമോ 


തിരുഹൃദയമേ   തീരാത്തസ്നേഹമേ 
സ്നേഹാഗ്നിജ്വാലയായ് എന്നിൽ പടരണേ


മുറിപ്പെടുത്തുന്നു  നീ  സുഖപ്പെടുത്തുന്നു  നീ   
കരുണയാം കരുതലിൻ  സുഖം  പകരുന്നു നീ 
മനം നീറി പുകയുമ്പോൾ ശാന്തി തേടി അലയുമ്പോൾ 
തിരുഹൃദയസ്‌നേഹമേ നീ അരികിലണയുന്നു 
തിരുമുറിവിൽ ചേർത്തെന്റെ  ആത്മനിൽ  നിറയുന്നു 


ജീവാധിനാഥനെ  ആത്മാവിന് ജ്യോതിയെ 
നിൻ തിരു സ്നേഹത്തിൻ  കതിരൊളിയായിടാൻ 
സ്നേഹത്താൽ നിറയട്ടെ  സ്നേഹം ഞാൻ പകരട്ടെ 
തിരുഹൃദമല്ലോ എൻ  വിശ്രമസങ്കേതം 
തിരുഹിതമായിതാ   അങ്ങിലായ്  അലിയുന്നു 

വചനാമൃതം

   ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍െറ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
                                                                      ജോഷ്വ 1 : 9   
                                                                     


നിന്നെ ശക്തിപ്പെടുത്താൻ നിന്റെ ഉത്തമ സുഹൃത്തായി ദൈവം നിന്റെ കൂടെ നടക്കുന്നു എന്നത് വിസ്മയാവഹമാണ്. അവിടുത്തെ കരം പിടിച്ച് ഇന്നത്തെ യാത്ര കൃപാ പൂർണ്ണമാക്കാം. കൂടെവസിക്കുന്ന ദൈവത്തിന്റെ ശക്തി തിരിച്ചറിയാൻ പരിശ്രമിക്കാം..... ദൈവം അനുഗ്രഹിക്കട്ടെ..

Friday 20 April 2018

തപസ്വിനി

തപസ്വിനി

ഈശോ നാഥൻറെ മണവാട്ടി 
നിർമലയാകും മണവാട്ടി 
സഹിച്ചു സഹിച്ചു മരിക്കണം 
സ്‌നേഹിച്ചു  സ്‌നേഹിച്ചു  മരിക്കണം 

താഴ്‌മയോടവൾ വളരണം 
നിർമലയായവൾ വാഴണം 
 ജീവൻ ചൊരിയണം സ്നേഹം പകരണം 
ഈശോനാഥനിൽ ചേരേണം 

നിഷ്കളങ്കയായി മേവേണം 
സൗഖ്യo ശാന്തിയേകണം
പ്രാര്ഥനയിലവൾ മുന്നിട്ടു നിൽക്കണം 
ഈശോനാഥനിൽ ചേരണം 
                                                                           സംഗീത 

വചനാമൃതം


Thursday 19 April 2018

peace be with you


സമര്‍പ്പണം

കണ്ണീര്‍പ്പൂക്കളാം ഹൃദയസുമങ്ങള്‍
അര്‍പ്പിക്കാം ഞാന്‍ നിന്‍ പാദാന്തികേ
ജീവിതേശാ..കരുണാമയാ..
ജീവിതതാലമിതാ..

അപ്പവും വീഞ്ഞുമാം കാഴ്ചയിതില്‍
നിന്‍ തിരു ചൈതന്യം നിറച്ചിടണേ

നിനക്കായെരിയും മെഴുതിരിയാകാന്‍
സോദരര്‍ക്കായെന്‍ വിയര്‍പ്പൊഴുക്കീടാന്‍
നിന്‍ സ്നേഹഭാവത്തില്‍ മുഴുവനായലിയാന്‍
അനുഗ്രഹിക്കൂ..നാഥാ...