Wednesday 23 May 2018

                    ജീവിതപ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ഈ മഹത് വചനം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിക്കാം. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നമ്മുടെ ഇഛാശക്തിയെ ഉണർത്താനും പുതിയ ചുവടുവയ്പുകൾ നടത്താനും നമ്മെ സഹായിക്കുന്നത് ജീവിതതകർച്ചകളാണ്.കഴിഞ്ഞകാലങ്ങളെക്കുറിച്ചുള്ള ബോധപൂർവ്വമായ ധ്യാനം ഈ സത്യം തിരിച്ചറിയാൻ നമ്മെ സഹായിക്കും. ഉന്നതമായ ചിന്തകളോടെ ജീവിതത്തെ നോക്കിക്കാണാൻ, ഉയർന്ന കാഴ്ചപ്പാടുകളാൽ ജീവിതം സമ്പന്നമാക്കാൻ നമുക്ക് പരിശ്രമിക്കാം. അതിജീവനത്തിന്റെ പാoങ്ങൾ നമുക്ക്  അനന്തവിഹായസ്സിലേക്കു പറന്നുയരാൻ  ചിറകുകൾ നൽകട്ടെ.

Thursday 17 May 2018

"ജീവിതമാകുന്ന രാത്രി ഒരിക്കൽ മാത്രമേ നമ്മളെ സമാവരണം ചെയ്യുകയുള്ളൂ.ആ രാത്രിയിൽ ഒരൊറ്റ കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ഈശോയെ നമ്മുടെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക; അവിടുന്നു സ്നേഹിക്കപ്പെടുന്നതിനായി അവിടുത്തേക്കായി ആത്മാക്കളെ നേടുക. ഈശോയെ സ്നേഹിക്കുവാനായി മനുഷ്യരെ ആകർഷിക്കുന്നത് എത്ര മനോഹരമായ ജോലി."
                                                                                        വി. കൊച്ചുത്രേസ്യാ
                                                   


                                                      ക്രൈസ്തവജീവിതത്തിലേക്കും സന്യാസത്തിലേക്കും ഒക്കെയുള്ള നമ്മുടെ വിളി എത്രയോ ശ്രേഷ്ഠമാണ്!!!!!!! വിളിയുടെ വലിപ്പം മനസിലാക്കാതെ, നാം ആരാണെന്നുള്ള സത്യം ഗ്രഹിക്കാൻ കഴിയാതെ, ഈ ലോകത്തിന്റെ മായകളിൽ മുഴുകി ഈ ലോകത്തിന്റെ നേട്ടങ്ങൾക്കായുള്ള പരക്കം പാച്ചിലിലാണ് ഇന്നു നമ്മിൽ പലരും. ഈ ലോകത്തിന്റെ ഡോക്ടറേറ്റുകൾ കരസ്ഥമാക്കാൻ മത്സരിക്കുന്ന നമ്മൾ ക്രൈസ്തവൻ എന്നനിലയിൽ, അല്ലെങ്കിൽ സന്യാസത്തിൽ ഏതു വിഭാഗത്തിലാണ് ഡോക്ടറേറ്റ് എടുക്കാൻ  തിടുക്കം കൂട്ടുന്നത് അല്ലെങ്കിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്?.ക്രൈസ്തവനായിട്ടു അല്ലെങ്കിൽ സന്യാസിയായിട്ടു എത്രയെത്ര വർഷങ്ങൾ നാം പിന്നിട്ടു കഴിഞ്ഞു? നമ്മുടെ വാക്കുകൾ കൊണ്ടുo, പ്രവർത്തികൾ കൊണ്ടുo,ജീവിത സാക്ഷ്യം കൊണ്ടുo നമുക്ക് എത്ര പേരെ കർത്താവിലേക്കു നയിക്കാൻ കഴിഞ്ഞു? ഇവിടെ നിന്നു തിരികെ പോകുമ്പോൾ കൊണ്ടുപോകാൻ മിച്ചമുള്ളത് അതുമാത്രമല്ലേ? ആത്മാക്കളുടെ രക്ഷക്കായി നാം എത്രമാത്രം വിലകൊടുക്കുന്നുണ്ട്? കർത്താവിനായി വിളിക്കപ്പെട്ട നാം അവന്റെ വേലയിൽ തീക്ഷണതയുള്ളവരാകുമ്പോൾ നമ്മുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും കർത്താവും തീക്ഷണതയുള്ളവനാകും. നമുക്ക് ലഭിക്കേണ്ട നീതി ലഭിച്ചില്ലെങ്കിൽ അവിടുന്നു നമുക്കുവേണ്ടി വാദിച്ചു നീതി നടത്തിതരും. നിനക്കർഹിച്ചതാണെങ്കിൽ അതു നിനക്കായ് അവിടുന്നു കൊണ്ടുവരും. കർത്താവിൽ നമുക്ക് വിശ്വസിക്കാം. അവിടുത്തെ വാഗ്ദാനത്തിൽ നമുക്ക് പ്രത്യാശവയ്ക്കാം. അവിടുത്തെ മുൻപിൽ വിധേയത്വമുള്ളവരാകാം. എളിമയുള്ളവരെ അവൻ ഉയർത്തും.വീഴ്ചകളിൽ നിന്നെഴുന്നേറ്റു കർത്താവിന്റെ കരുണയിലേക്ക് നമുക്ക് നടന്നടുക്കാം. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിക്കാനായി,അവിടുത്തേക്കായി ആത്മാക്കളെ നേടാനായി നമുക്ക് മത്സരിക്കാം.ഈ ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു, വിലകൊടുത്തു സ്വന്തമാക്കാം.                                   
                       "ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

സമർപ്പിതസന്തോഷം



എൻ മാനസമുയർത്തുന്നു നിന്നപദാനങ്ങൾ
എന്നുള്ളംആനന്ദിക്കുന്നെന്നാത്മനാഥനിൽ എന്നകതാരിലുയിർക്കൊള്ളുന്നുന്നതമാം ഒരാശയം
അടക്കാനാവാത്തോരഗ്നി ആനന്ദ തൈലം

എൻ ജനത്തിൻ പുത്രി നീ കാണുക, നിൻ വിളി
അതിശ്രേഷ്ഠം..... ചിന്താതീതം..... മധുരമോഹനം....
അനേക നിലവിളികൾ തന്നുത്തരം
പ്രാണേശ്വരൻ തൻ അഭിഷേകതൈലം

കന്യകാലയ മതിൽകെട്ടിൽനിന്നുയരുന്നു പരിമളം
പ്രാർത്ഥനയിൽ ചാലിച്ച ത്യാഗപുഷ്പങ്ങൾ
ആത്മനാഥൻ തൻ സൗഹൃദകൂടാര തണലിൽ
വിരിയുന്ന പുണ്യമാം ആനന്ദം.

കുരിശിൻ വിരിമാറിൽ ഹൃദയങ്ങൾ ചേരുന്നു
ഉയിർക്കൊള്ളുന്നു ജീവന്റെ തുടിപ്പുകൾ
സഹനത്തിൽ സ്നേഹത്തിൽ ചാലിച്ചൊരുക്കിയ
ചെറുമന്ദഹാസം സമർപ്പിത സൗഭാഗ്യം

തിരുസഭാoബ തൻ  മാറിൽ മിന്നിത്തിളങ്ങുന്ന
വജ്രാഭരണമി സുകൃതപുഷ്പങ്ങൾ
നിത്യഹരിതമാo നിൻ ലാവണ്യം തച്ചുടക്കുവാൻ
ആവില്ലൊരായുധത്തിനും...

കള്ളൻ മോഷ്ടിക്കില്ലാത്മാവിന്നഗ്നിയിൽ ഉരുവയോരീ സൗധം
സുവിശേഷസന്തോഷ സല്ലാപം
അഭിമാനമോടുയരട്ടെ നിൻ ശക്തിവിലാസങ്ങൾ
അവർണ്ണനീയം ഈ പുണ്യ  സാംഗോപാംഗം.

Wednesday 16 May 2018

സഹനപുഷ്പം


(Tune:എഴുന്നള്ളുന്നു രാജാവെഴു ന്നള്ളുന്നു)

ആത്മനാഥാ യേശുനാഥാ നീ വരേണമേ
ആത്മതാരിൽ സ്നേഹമായി നീ വരേണമേ
സഹനങ്ങൾ കൃപയാക്കാൻ കൂടെ വാഴണമേ

 നിനക്കായ് എരിയാനും സാക്ഷ്യമേകാനും
ഗോതമ്പുമണിപോൽ അഴിഞ്ഞു തീരാനും
തിരുഹൃദയസ്നേഹത്തിൽ ആഴ്ന്നിറങ്ങാനും
സഹനദാസാ യേശുനാഥാ കൃപ തൂകിടൂ

സഹനങ്ങൾ ഹൃദയത്തിൽ ഏറ്റെടുക്കാനും
സ്നേഹപൂഷ്പമായ് നിന്നിൽ അർപ്പിക്കാനും
ആത്മാക്കൾക്കായെല്ലാം ഉയർത്തീടാനും
കൃപയായി വരമായി നിറയേണമേ

ഹൃദയേശാ പ്രണനാഥാ നീ വരേണമേ 
സഹന ദാസിയായെന്നെ മറ്റേണമേ
ജ്വലിക്കുന്ന സ്നേഹം നിറച്ചിടേണമേ
 സഹനങ്ങൾ സ്നേഹമായി ഞാൻ മാറ്റിടട്ടെ

നിന്ദാപമാനങ്ങൾ പെയ്തിറങ്ങുമ്പോൾ
ആത്മനൊമ്പരത്താൽ തകർന്നു താഴുമ്പോൾ
നിൻ ഹൃദയചേവടിയിൽ ചേർന്നുനിന്നീടാം 
ഉപരിസ്‌നേഹം നൽകി നിന്റെ ദാസിയായീടാം.

Tuesday 15 May 2018

സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌ എനിക്കുള്ളത്‌? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 73 : 25
എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്‍െറ ബലം; അവിടുന്നാണ്‌ എന്നേക്കുമുള്ള എന്‍െറ ഓഹരി.
സങ്കീര്‍ത്തനങ്ങള്‍ 73 : 26
            ഏകശ്രയമായ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എനിക്കങ്ങാണ് ആശ്രയമെന്നു എപ്പോഴും നമുക്കവിടുത്തോട് പറയാം. മനസും ശരീരവും ദുർബലമാകുമ്പോളും ദൈവത്തിൽ ആനന്ദവും ബലവും കണ്ടെത്താൻ നമുക്കും പഠിക്കാം.  എന്തെന്നാൽ ശാശ്വതമായ ആനന്ദം ദൈവത്തിൽ മാത്രമാണ്. ശക്തനായവൻ നമ്മോടുകൂടെയുണ്ട്.

Monday 14 May 2018

 "സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു."                                      
                                                                                                           1 കോറിന്തോസ്‌ 8 : 12
                                           

                                                            പൗലോസ്ലീഹായിലൂടെ കർത്താവ് നമുക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ്. നിനക്കു ക്രിസ്തുവിനെ സ്നേഹിക്കാനും സഹോദരനെ ദ്വേഷിക്കാനും ഒരേ സമയം സാധ്യമല്ല. നിനക്കതിനു സാധിക്കുന്നെങ്കിൽ നിന്റെ വഴി ക്രിസ്തുവിന്റെ വഴിയല്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല എന്നു യോഹന്നാൻ ശ്ലീഹായിലൂടെ അവിടുന്നു പറയുന്നുണ്ട്. നമ്മുടെ പ്രവർത്തികളെ നമുക്കൊന്നു വിലയിരുത്താം.... ക്രിസ്തുവിനെ പുറത്താക്കിയും   മുറിപെടുത്തിയും ഒക്കെയുള്ള ഒരു  ജീവിതമാണോ നാം നയിക്കുന്നത്? എന്നിട്ടു ക്രിസ്തുവിന്റെ സ്വന്തം ആളാണെന്നുള്ള വ്യർത്ഥ ചിന്തയിൽ മുഴുകി ജീവിക്കുകയാണോ? സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ചു സ്നേഹസംസ്ക്കാരത്തിലേക്കു നമുക്ക് വളരാം.



Thursday 10 May 2018

വിശ്വാസത്തോടെ പ്രാർത്ഥിക്കാം

സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമ കാരണമായ ആബാ പിതാവേ, അങ്ങയുടെ തിരുമുന്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ച വിധം അവിടുത്തെ ആത്മാവിനാൽ എന്നിലെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമേ. അങ്ങു ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന നിവേശിത വിശ്വാസത്താൽ ക്രിസ്തു എന്റെ ഹൃദയത്തിൽ വസിക്കുന്നു എന്ന 
ജ്ഞാനത്തിൽ ഞാൻ ആഴപ്പെടട്ടെ. ക്രിസ്‌തുവിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ വേരു പാകി ഉറപ്പിക്കണമേ. അങ്ങനെ സകല വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഞാൻ ഗ്രഹിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്നേഹത്താൽ ,ദൈവത്തിന്റെ സമ്പൂർണ്ണതയാൽ ഞാൻ പൂരിതയാവട്ടെ. എന്നി പ്രവർത്തിക്കുന്ന  ശക്തിയാൽ ഞാൻ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്കു തിരുസ്സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേ യ്ക്കും മഹത്വമുണ്ടാകട്ടെ.         ആമ്മേൻ.

Wednesday 9 May 2018

ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക, എന്റെ താബോറിലും ഗദ്സമനിയിലും. പാതിവഴിയില്‍ ആരും ആരെയും വിട്ടുപോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരുടമ്പടിയാണ്. കവിമൊഴി പോലെ, 'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ, നിറമുള്ള ജീവിതപ്പീലി തന്നു. എന്റെ ചിറകിന് ആകാശവും തന്നു. നിന്‍ ആത്മശിഖരത്തില്‍ ഒരു കൂടുതന്നു. പിരിയുവാന്‍ വയ്യ നിന്റെ ഹൃദയത്തില്‍ നിന്ന്, ഏതു സ്വര്‍ഗ്ഗം വിളിച്ചാലും...'
മംഗല്യത്തേക്കുറിച്ച് പറയുന്നതുപോലെ, ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ.

- ഫാ. ബോബി ജോസ് കട്ടികാട്.
ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക. (കൂട്ട്.)

Tuesday 8 May 2018

നമ്മുടെ ജീവിതവഴികളുടെ,സ്വപ്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കർത്താവിനെ മാത്രം ഭരമേൽപ്പിക്കുക. കർത്താവിനസാധ്യമായി യാതൊന്നും ഇല്ല. അസാധ്യമായവയെ സാധ്യമാക്കാൻ അവനു കഴിയും. പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്നു നിനക്കു തോന്നിയാലും അവയ്ക്ക് നടുവിൽ പാത തെളിക്കാൻ, കരം പിടിച്ചു നിന്നെ നയിക്കാൻ കർത്താവിനു സാധിക്കും. കർത്താവിൽ ശരണം വച്ചു  ജീവിതം മുൻപോട്ടു നയിക്കാം.

Monday 7 May 2018

“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ

ജാഗ്രതയുള്ള, തീക്ഷണതയുള്ള അജപലകരെയാണ് ഇന്നത്തെ സഭക്ക് ആവശ്യം. സഭാതനായരുടെ കവൽക്കാരാകേണ്ടതിന്റെ പ്രാധാന്യം ഓരോ അജപാലകരും മനസിലാക്കുകയും വേണം. തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കാനുള്ള അഭിഷേകം എല്ലാ അജപലകർക്കും ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.  ജാഗ്രത നഷ്ടപ്പെട്ട് ദുഷ്ടന്റെ കെണിയിൽ പതിച്ചിരിക്കുന്ന എല്ലാ അജപലകരും ദൗത്യം തിരിച്ചറിഞ്ഞു ജാഗ്രതയുള്ളവരാകാൻ മർപ്പാപ്പയോട് ചേർന്നു നമുക്കും പ്രാർത്ഥനയുടെ കാരങ്ങളുയർത്താം..

Sunday 6 May 2018

അമിതമായ  കണ്ണീര്‍ നിങ്ങളുടെ കാഴ്ചകള്‍  വല്ലാതെ  മറച്ചു പിടിക്കും . മഴപെയ്തിനപ്പുറം ഒരു പ്രകാശനാളമുണ്ടെങ്കില്‍ മാത്രമേ  മഴവില്ലിന്‍റെ  വര്‍ണ്ണസമൃദ്ധികള്‍  വെളിപെട്ടു കിട്ടുകയുള്ളൂ.( ഫാദര്‍ ബോബി  ജോസ് )

Saturday 5 May 2018

ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
റോമാ 8 : 35
നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
റോമാ 8 : 37
               ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നു ഇന്നു നമ്മെ അകറ്റാൻ കാരണമാവുന്ന ഘടകങ്ങൾ ഏവയെന്നു വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ക്ലേശവും ദുരിതവും പീഡനവും പട്ടിണിയുമെല്ലാം പൗലോശ്ലീഹായ്ക്കു ക്രിസ്തുവിനെ ധൈര്യപൂർവ്വം പ്രഘോഷിക്കാനുള്ള ഒരു പ്രചോദക ശക്തിയായിരുന്നു. ജീവിത ദുരിതങ്ങൾ തമ്പുരാനെ തള്ളിപ്പറയാനുള്ള അവസരമല്ല. ധീരതയോടെ അവയെ കീഴ്‌പ്പെടുത്തി ദൈവത്തിൽ  പ്രത്യാശയോടെ വിശ്വാസമർപ്പിച്ചു  ക്രിസ്തുസ്നേഹത്തിൽ ആഴപ്പെടാനും സാക്ഷ്യം വഹിക്കാനും ഉള്ള അവസരമാക്കി മാറ്റാം.

Friday 4 May 2018

പരിപാലനാസ്നേഹം

ആകാശപ്പറവയും വയലിലെ ലില്ലിയും
നിൻ പരിപാലന അറിയുന്നെങ്കിൽ
ചങ്കിലെ ചോരയാൽ നീ സ്വന്തമാക്കിയ
ജീവിതം നിൻ കരുണാമൃതം

      സങ്കടത്താൽ നീ ഭാരപ്പെടുമ്പോഴും
      നിന്ദന മുള്ളുകൾ തറഞ്ഞിടും നേരവും
      ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
      എന്റെ പൊന്നോമനയാകും കുഞ്ഞേ
      ഭയപ്പെടേണ്ട പതറിടേണ്ട
      ഞാനുണ്ട് നിന്നോട് കൂടെ



ജീവിതഭാരങ്ങൾ വലച്ചിടുമ്പോഴും
പരാജയഭീതിയിൽ തകർന്നിടുമ്പോഴും
ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
എന്റെ പൊന്നോമനയാകും കുഞ്ഞേ ഭയപ്പെടേണ്ട....... പതറിടേണ്ട.....
ഞാനുണ്ട് നിന്നോട് കൂടെ...

       പാപക്കെണികളിൽ കുടുങ്ങിടുമ്പോഴും
       നൈരാശ്യചിന്തകൾ ഏറിടും നേരവും
       ഞാനില്ലേ നിന്നരികിൽ കുഞ്ഞേ
       എന്റെ പൊന്നോമനയാകും കുഞ്ഞേ               ഭയപ്പെടേണ്ട........ പതറിടേണ്ട.....
       ഞാനുണ്ട് നിന്നോട് കൂടെ.....



          

Thursday 3 May 2018

ദന്ത സംരക്ഷണം കുട്ടികളിൽ


അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അൽപസമയം വിശ്രമിക്കാം എന്നു കരുതി ചെയറിൽ നിന്നു എണീറ്റപ്പോളാണ് പ്രിയ തന്റെ ഇളയ കുട്ടിയുമായി എത്തിയത്. അതോടെ വിശ്രമസമയം അവരോടൊപ്പം ചിലവഴിക്കാന്‍ തീരുമാനിച്ചു.. കുശലാന്വേഷണങ്ങൾ നാട്ടുവിശേഷങ്ങളിലേയ്ക്കും ഒടുവില്‍ ചില ചോദ്യങ്ങളിലേയ്ക്കും വഴി മാറി. കുട്ടികളുടെ പല്ലിനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങളുടെ പാൽപല്ലുകള്‍, അതിന്റെ പ്രാധാന്യം, അവരുടെ പല്ലുവേദന....
അങ്ങനെ പലതിനെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍. ഏറ്റവും ഒടുവില്‍ ചോദിച്ചതായിരുന്നു ഏറ്റവും രസകരവും പ്രധാനപ്പെട്ടതും -   കുഞ്ഞുങ്ങളുടെ ആദ്യത്തെ പല്ലുകള്‍  പോയി വേറെ പുതിയ പല്ലു  വരാനുള്ളതല്ലേ, പിന്നെ എന്തിനാണ്  കുഞ്ഞുങ്ങളുടെ പല്ലുകള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്?

പ്രിയയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരം നല്‍കി. എങ്കിലും ഒരു കാര്യം ബോധ്യപ്പെട്ടു. ഇപ്പോഴും ആളുകള്‍ക്ക് കുഞ്ഞുങ്ങളുടെ  ദന്തപരിചരണത്തെക്കുറിച്ച് കാര്യമായി അറിഞ്ഞുകൂടാ. യഥാര്‍ത്ഥത്തില്‍,  കുഞ്ഞുങ്ങളുടെ ദന്തപരിചരണം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ച് വ്യക്തമായ അറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.

                   
                       ദന്ത പരിരക്ഷണം ശാരീരിക
സംരക്ഷണം പോലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചെറുപ്രായത്തിൽ ആരംഭിച്ചാൽ ദന്തരോഗ്യം നിലനിർത്താൻ എളുപ്പത്തിൽ സാധിക്കും.

 പല്ലുകൾ രണ്ടു തരം
* 20 പാൽപ്പല്ലുകൾ
* 32 സ്ഥിര ദന്തങ്ങൾ
 
 1.ആദ്യത്തെ  6  മാസo കുഞ്ഞുങ്ങൾ മോണയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ തവണയും മുലയൂട്ടലിന് ശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ചു മോണ വൃത്തിയാക്കണം. 6 മാസമാകുമ്പോളേയ്ക്കും പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു. ഈ സമയത്തു കുഞ്ഞുങ്ങളിൽ പനിയും മനം പുരട്ടലും ചെറിയ തോതിൽ അസ്വസ്ഥതകളും ഒക്കെ ഉണ്ടാവുക സാധാരണമാണ്. അതിൽ തെല്ലും  ഭയപ്പെടേണ്ടതില്ല.

2. ഏകദേശം ഒരു വയസാകുമ്പോൾ മുൻനിര പല്ലുകൾ വന്നു തുടങ്ങുന്നു. അപ്പോൾ മുതൽ പല്ലു തേക്കാൻ കുഞ്ഞുങ്ങൾക്കു പരിശീലനം നൽകാൻ തുടങ്ങണം. പേസ്റ്റ് ഉപയോഗിക്കാതെ ഈ കാലയളവിൽ കുഞ്ഞുങ്ങൾക്ക് ബ്രഷ് ചെയ്തു കൊടുക്കാൻ ആരംഭിക്കാം. കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ബ്രഷുകൾ ഇന്ന് ലഭ്യമാണ്. ഏകദേശം രണ്ടുവയസ് ആകുമ്പോളേയ്ക്കും എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയുന്നു. പല്ലുകൾ മുളച്ചശേഷം മുലപ്പാൽ കൊടുക്കുന്നതും കുപ്പിപ്പാൽ നൽകുന്നതും പല്ലുകളിൽ കേടു വരാൻ കാരണമാകുന്നു.ഉറങ്ങാൻ പോകുന്നതിനു മുൻപ് പാല് കൊടുക്കുന്നതും കുപ്പിപ്പാൽ വായിൽ വച്ചു ഉറങ്ങാൻ അനുവദിക്കുന്നതും ഒഴിവാക്കിയാൽ ഒരു പരിധിവരെ പാൽപ്പല്ലുകളിൽ വരുന്ന കേടുകൾ പരിഹരിക്കാൻ സാധിക്കും.

3. ആറ് വയസ്സു പ്രായമാകുമ്പോൾ കുട്ടികളിൽ ആദ്യ സ്ഥിര ദന്തം (അണപല്ലു ) മുളച്ചു വരും. പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകാൻ ആരംഭിക്കും. കോമ്പല്ലുകൾ മുളക്കുന്നതോടെ പല്ലുകൾ പൊന്തിയും ചെരിഞ്ഞും  വിടവുകൾ ഉണ്ടായതായും ഒക്കെ കണ്ടേക്കാം.

ഈ പ്രായത്തിൽ അതു സ്വാഭാവികമാണ്. കോമ്പല്ലുകൾ പൂർണമായും വന്ന ശേഷവും അപ്രകാരം കാണപ്പെട്ടാൽ ദന്തരോഗ വിദഗ്ധന്റെ  സഹായം തേടണം. സ്ഥിരദന്തത്തിന് വരുവനായി സ്ഥലം കൊടുക്കുക എന്നതാണ് പാൽപ്പല്ലുകളുടെ പ്രധാനപ്പെട്ട ധർമ്മങ്ങളിൽ ഒന്ന്. ആയതിനാൽ പല്ലുകൾ  കേടല്ലേ എന്നു കരുതി സമായമാകുന്നതിനു  മുൻപ് എടുത്തു കളയുന്നത് സ്ഥിര ദന്തങ്ങൾക്കു വരുവാനുള്ള സ്പേസ് നഷ്ടമാക്കുകയും പല്ലുകൾ നിരതെറ്റി വരുവാൻ കാരണമാവുകയും ചെയ്യും. 13 വയസാകുമ്പോളേയ്ക്കും  രണ്ടാമത്തെ അ ണപ്പല്ലുകൾ മുളച്ചു വരാൻ തുടങ്ങും .ഈ കാലയളവിൽ ദിവസവും 2 നേരം  കുട്ടികളെക്കൊണ്ടുതന്നെ ബ്രഷ് ചെയ്യിപ്പിക്കണം. ചെറിയ ചെറിയ കേടുകൾ കണ്ടാൽ അവ മാറ്റി ഫില്ലിംഗ് ചെയ്യണം. ഇടക്കിടക്ക് ഭക്ഷണം(sancks) കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് പല്ലുകൾക്ക് വരുന്ന കേടുകൾ തടയാൻ സഹായിക്കുന്നു. ഇനി കഴിക്കുകയാണെങ്കിൽ തന്നെ ശേഷം വായ കഴുകി വൃത്തിയാക്കാനുള്ള നല്ല പരിശീലനവും കൂടെ നൽകണം.

4. 18-21 വരെയുള്ള പ്രായത്തിൽ വിസ്ഡം പല്ലുകൾ(മൂന്നാമത്തെ അണപ്പല്ലു) മുളച്ചു തുടങ്ങും. ചിലപ്പോൾ വേദനക്കും നീരിനും അതു കാരണമായേക്കാം.  വായ തുറക്കാനും അടക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യത്തിൽ ഒരു ദന്തരോഗ  വിദഗ്‌ധന്റെ ഉപദേശം തേടേണ്ടതാണ്.

        പ്രതിരോധമാണ് ചികിത്സയെക്കാൾ വളരെ ഉത്തമം. ശരിയായ ഭക്ഷണ ക്രമത്തിലൂടെയും ബ്രഷിംഗ് രീതികൾ ഉപയോഗിച്ചും ആറു മാസത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദർശിച്ചും ദന്തരോഗ്യം പരിപാലിക്കാം. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ നിങ്ങളുടെ കുഞ്ഞുങ്ങൾക്കു സാധിക്കട്ടെ.  നിഷ്‌കളങ്കമായ അവരുടെ പുഞ്ചിരി അനേകർക്ക് സന്തോഷം പകരട്ടെ.

Wednesday 2 May 2018

കാരുണ്യം







"നിന്റെ ദുരിതാവസ്ഥ എന്റെ കരുണയ്ക്ക് പ്രതിബന്ധമല്ല.ഒരു ആത്മാവിന്റെ ദയനീയത എത്ര അധികമാണോ അത്രയും ശക്തമാണ് എന്റെ കരുണയ്ക്കുള്ള അതിന്റെ അവകാശവും. കുരിശിൽ വച്ചു ,കുന്തത്താൽ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം,ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കൾക്കും വേണ്ടി ഉള്ളതാണ്."
           ( ഈശോ വി. ഫൗസ്റ്റീനയോട്)
                       കർത്താവിന്റെ കരുണയിൽ ആശ്രയിക്കാൻ ഭയപ്പെടുന്നവരാണോ നാം? നിന്റെ അവസ്ഥ എത്ര ഭീകരമാണെന്നു നിനക്കു തോന്നിയാലും കർത്താവ് തന്റെ കരുണയിലേക്കു നമ്മെ ക്ഷണിക്കുന്നു. ഒരു പാപിയുടെ തിരിച്ചുവരവിൽ അകമഴിഞ്ഞു സന്തോഷിക്കുന്നവനാണ് നമ്മുടെ ദൈവം.നമ്മുടെ പാപത്തിന്റെ വലിപ്പമനുസരിച്ചുള്ള കൃപയ്ക്ക് നാം അര്ഹരാണെന്നു കർത്താവുറപ്പു തരുന്നു. ജീവിതം ഏതവസ്ഥയിലായിരുന്നാലും കർത്താവിങ്കലേക്കു തിരിയാൻ മടിക്കരുത്. അവൻ കരുണയോടെ കാത്തിരിക്കുന്ന ദൈവമാണ്. നമുക്ക് അവിടുത്തെ കരുണ യിൽ ആശ്രയിക്കാം. മറ്റുള്ളവരെ ആ കരുണയിലേക്കടുപ്പിക്കാം. അതുവഴി അവിടുത്തെ കരുണക്കു നാം പാത്രീഭൂതരായിത്തീരും.

Tuesday 1 May 2018

അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങു തന്നെ തിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍  ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ,വിശുദ്‌ധമന്‌ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്‌തരാകും.
സങ്കീര്‍ത്തനങ്ങള്‍ 65 : 4


കർത്താവിന്റെ അങ്കണത്തിൽ വസിക്കാൻ കർത്താവ് തന്നെ തിരഞ്ഞെടുത്തു കൊണ്ടുവന്നവരാണ് ഓരോ ക്രൈസ്തവനും. അവൻ ഭാഗ്യവാൻ ആണെന്നും വിശുദ്ധമന്ദിരത്തിലെ നന്മ കൊണ്ടു തൃപ്തരാകുമെന്നും ഒക്കെ തിരുവചനം സാക്ഷിക്കുമ്പോൾ നാം ആരാണെന്നും നമ്മുടെ സ്ഥാനം എന്താണെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഉന്നതമായ വിളി ലഭിച്ച നാം പലപ്പോഴും ധൂർത്തപുത്രന് സമനായി ജീവിക്കുന്നു. എല്ലാം സമൃദ്ധമായി നമുക്ക് നൽകാൻ കഴിയുന്ന കർത്താവിൽ നമുക്ക് ആശ്രയിക്കാൻ പഠിക്കാം. വി.കുർബാനയും ദൈവവചനവുമാണ് വിശുദ്ധമന്ദിരത്തിലെ  നൻമകൾ. ഇതു രണ്ടും ജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളായി സ്വീകരിച്ചു നമുക്ക്‌ തൃപ്തരാകാം. അനുദിന ജീവിതം കൃപ പൂര്ണമാക്കാം.